This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശി (വാരാണസി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാശി (വാരാണസി)

അഹല്യാഘട്ട്‌-കാശി

ഉത്തര്‍പ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. ജില്ലാ വിസ്‌തൃതി: 1535 ച.കി.മീ.; ജനസംഖ്യ: 31,47,927 (2001); നഗരജനസംഖ്യ: 13,71,749 (2001). ഇന്ത്യയിലെ പ്രമുഖ ഹൈന്ദവതീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്‌ കാശി. ഔദ്യോഗികമായി ജില്ലയും ആസ്ഥാനപട്ടണവും "വാരാണസി' എന്നാണ്‌ അറിയപ്പെടുന്നത്‌.

ഗംഗാനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കാശിയെ ഹിന്ദുക്കള്‍ ഭൂമിയിലെ ഏറ്റവും പവിത്രമായ പുണ്യസ്ഥലമായി കരുതുന്നു. കൊല്‍ക്കത്താ നഗരത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുനിന്ന്‌ 590 കി. മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്‌. അതിപുരാതന കാലത്ത്‌ കാശികള്‍ എന്നൊരു വര്‍ഗം ഇവിടെ പാര്‍ത്തിരുന്നതിനാല്‍ കാശി എന്നും; വരണ, അസി എന്നീ നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ "വാരാണസി' (വരണാസിച്ചവാരണാസിച്ചവാരാണസി) എന്നും; പരമേശ്വരന്‍ ഒരിക്കലും വെടിയാത്ത പുണ്യസ്ഥലമാകയാല്‍ അവിമുക്തം എന്നും; ഈശ്വരന്‍ ഏറ്റവും കൂടുതല്‍ ആനന്ദം പ്രദാനം ചെയ്യുന്ന സ്ഥലമെന്നതിനാല്‍ ആനന്ദകാനനം എന്നും ഈ സ്ഥലത്തിനു പേരുകളുണ്ട്‌. ഹരിശ്ചന്ദ്രകഥയെ ആസ്‌പദമാക്കി "മഹാശ്‌മശാനം' എന്നുകൂടി പറഞ്ഞുവരുന്നു. വിദേശീയാധിപത്യഘട്ടത്തില്‍ "ബനാറസ്‌' എന്നറിയപ്പെട്ടിരുന്നു.

"ഇഡ'യുടെ പ്രതീകമായ വരണയുടെയും "പിങ്‌ഗള'യുടെ പ്രതീകമായ അസിയുടെയും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാശി സുഷുമ്‌നയുടെ പ്രതീകമാണെന്ന്‌ ജാബാലോപനിഷത്തില്‍ ജാബാലി, ശിഷ്യനായ ആരുണിക്ക്‌ ഉപദേശിക്കുന്നതായി കാണുന്നു. ഈ സ്ഥലത്തുവെച്ചു മരിച്ചാല്‍ അന്തമില്ലാതെ തുടരുന്ന പുനര്‍ജന്മത്തില്‍നിന്നു മോചനം നേടാം ("കാശീമരണാന്മുക്തിഃ') എന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഭക്തജനങ്ങള്‍ കാശിയില്‍ എത്താറുണ്ട്‌. ഇവിടെ പ്രാര്‍ഥന നടത്തിയും ഗംഗാജലത്തില്‍ സ്‌നാനം ചെയ്‌തും ഇവര്‍ മുക്തി നേടുന്നു. സ്‌കന്ദപുരാണത്തിലെ "കാശീഖണ്‌ഡ'ത്തില്‍ ഈ പുണ്യസ്ഥലത്തിന്റെ മഹത്വാതിശയം വ്യക്തമാക്കുന്ന അനേകം കഥകള്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

ചരിത്രം. ഇന്നത്തെ ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലയുടെ ഒരു പ്രധാനആസ്ഥാനവും ഇവിടത്തെ നഗരവുമാണ്‌ കാശി. ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളാണ്‌. മുസ്‌ലിങ്ങളുടെയും ക്രിസ്‌ത്യാനികളുടെയും സംഖ്യയും കുറവല്ല. ഹിന്ദുക്കളുടെ വിശുദ്ധ നഗരമായ കാശി, ഗംഗാനദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഗംഗ ഉത്തരവാഹിനിയാണ്‌. ഗംഗായമുനാ സംഗമത്തിന്‌ 192 കി.മീ. താഴെയായി സമുദ്രനിരപ്പില്‍ നിന്ന്‌ 77 മീ. ഉയരത്തിലാണ്‌ കാശിയുടെ സ്ഥാനം. കൊല്‍ക്കത്തയില്‍ നിന്ന്‌ 674 കി.മീ. വടക്കുപടിഞ്ഞാറും, അലഹബാദില്‍നിന്ന്‌ 118 കി.മീ. കിഴക്കും, ഡല്‍ഹിയില്‍നിന്ന്‌ 746 കി.മീ. തെക്കു കിഴക്കുമായിട്ടാണ്‌ ഈ പട്ടണത്തിന്റെ കിടപ്പ്‌. ചന്ദ്രക്കലയുടെ ആകൃതിയില്‍ ഗംഗാനദി വളഞ്ഞൊഴുകുന്നതിനാല്‍ പട്ടണത്തിന്റെ ഈ ഭാഗത്ത്‌ പ്രക്ഷകന്‌ നല്ലൊരു ദൃശ്യമാണ്‌ ലഭിക്കുന്നത്‌. ഭാരതത്തിലെ പ്രധാന ദേശീയപാതയായ ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌ ഈ ഭാഗത്ത്‌ ഗംഗയ്‌ക്കു മുകളിലൂടെ കടന്നുപോകുന്നു.

പ്രാചീന ഭാരതത്തിലെ ആര്യാധിനിവേശകാലം മുതല്‍ ഗംഗാനദീതീരത്ത്‌ ഈ പട്ടണം സ്ഥിതിചെയ്‌തിരുന്നതായിക്കാണാം. ബി.സി. 6-ാം ശതകത്തില്‍ ഉത്തരേന്ത്യയില്‍ നിലനിന്നിരുന്ന പതിനാറു മഹാജനപദങ്ങളില്‍ ഒന്നായിരുന്നു കാശി. ഉത്തരേന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ കാശിക്ക്‌ കോസലം, അംഗം, മഗധം എന്നീ മഹാജനപദങ്ങളുമായി നിരന്തരം പോരാടേണ്ടിവന്നതായി ബൗദ്ധജാതക കഥകള്‍ പ്രതിപാദിക്കുന്നു. അവസാനം കാശിയെ കോസലം കീഴ്‌പ്പെടുത്തി. ബി.സി. 6-ാം ശതകത്തില്‍ ഗൗതമബുദ്ധന്‍ തന്റെ അഷ്‌ടമാര്‍ഗം ഉപദേശിക്കുന്നതിനുമുന്‍പ്‌ കാശിക്കടുത്ത്‌ സാരനാഥിലാണ്‌ താമസമുറപ്പിച്ചത്‌. അതിനു മുന്‍പുതന്നെ ഹിന്ദുക്കളുടെ പുണ്യനഗരമായ ഈ സ്ഥലം പില്‌ക്കാലത്ത്‌ എട്ടു നൂറ്റാണ്ടുകളോളം ബുദ്ധമതകേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നു. എ.ഡി. 4-ാം ശതകത്തില്‍ ഗുപ്‌ത സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയോടുകൂടി കാശി വീണ്ടും ഹൈന്ദവകേന്ദ്രമായിത്തീര്‍ന്നു. 7-ാം ശതകത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചീനസഞ്ചാരിയായ ഹ്യൂയാന്‍ ത്‌ സാങ്‌ കാശി രണ്ടു പ്രധാന മതവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. മുപ്പതോളം ബുദ്ധമതാശ്രമങ്ങളെയും നൂറോളം ഹൈന്ദവക്ഷേത്രങ്ങളെയും പറ്റി ഇദ്ദേഹം പ്രതിപാദിക്കുന്നുണ്ട്‌. അദ്വൈതാചാര്യനായ ശങ്കരാചാര്യര്‍ കുറേക്കാലം ഇവിടെ പാര്‍ത്തിരുന്നു. ഉത്തരേന്ത്യയിലെ ബൗദ്ധകേന്ദ്രങ്ങളുടെ ശക്തിക്ഷയത്തിനുശേഷം ശൈവമതാചാര്യന്മാര്‍ ഈ നഗരത്തെ ഹൈന്ദവകേന്ദ്രമാക്കിത്തീര്‍ത്തു. ഗര്‍ഭം, ജന്മം, തപസ്സ്‌, കേവലജ്ഞാനം എന്ന തത്ത്വചതുഷ്‌ടയം പാര്‍ശ്വനാഥന്‍ ഗ്രഹിച്ച സ്ഥലമാകയാല്‍ ജൈനന്മാരും ഈ നഗരിയെ പവിത്രസ്ഥാനമായി കരുതുന്നു.

ബനാറസ്‌ ഹിന്ദു സര്‍വകലാശാല

എ. ഡി. 1194ല്‍ മുഹമ്മദ്‌ ഗോറി പിടിച്ചടക്കിയ കാശി തുടര്‍ന്ന്‌ ആറു നൂറ്റാണ്ടുകാലം മുസ്‌ലിങ്ങളുടെ അധീനതയിലായിരുന്നു. ഇന്നു നിലനില്‌ക്കുന്ന പല മന്ദിരങ്ങളും മുസ്‌ലിങ്ങളുടെ ആവശ്യത്തിനുവേണ്ടി പണിതവയാണ്‌. വലിയ ഹൈന്ദവക്ഷേത്രങ്ങള്‍ പലതും മുസ്‌ലിംപള്ളികളായും ശവകുടീരങ്ങളായും രൂപാന്തരപ്പെട്ടു. ശേഷിക്കുന്നവ നശിപ്പിക്കപ്പെട്ടതായും കാണാന്‍ സാധിക്കും.

ഗംഗാ ആരതി

18-ാം ശതകത്തില്‍ കാശി അയോധ്യാ നവാബുമാരുടെ ഭരണത്തിന്‍ കീഴിലായി. അവരുടെ അധീശത്വത്തിന്‍ കീഴില്‍ ബനാറസില്‍ ഒരു പ്രാദേശിക രാജകുടുംബം ഉയര്‍ന്നുവന്നു. അതിലെ ഏറ്റവും പ്രശസ്‌തനായ ഭരണാധികാരിയായിരുന്നു രാജാ ചൈത്‌സിങ്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്‌സ്‌ പ്രഭു 1,500 കുതിരപ്പടയാളികളെ കമ്പനിക്കു നല്‌കുവാന്‍ ചൈത്‌സിങ്ങിനോട്‌ ആവശ്യപ്പെട്ടു. അതിനു കഴിയാതിരുന്നു ചൈത്‌സിങ്ങിനെ തടവിലാക്കുന്നതിനുവേണ്ടി വാരാണസിയിലെത്തിയ വാറന്‍ ഹേസ്റ്റിംഗ്‌സിനു ആത്മരക്ഷാര്‍ഥം പലായനം ചെയ്യേണ്ടതായിവന്നു. ചൈത്‌സിങ്ങിന്റെ പ്രജകള്‍ കമ്പനിക്കെതിരെ ലഹള നടത്തിയതായിരുന്നു പലായനത്തിനുകാരണം. എന്നാല്‍ സുശക്തമായ ഒരു സൈന്യവുമായി വാറന്‍ ഹേസ്റ്റിംഗ്‌സ്‌ തിരിച്ചുവരികയും ചൈത്‌സിങ്ങിനെ രാജ്യഭ്രഷ്‌ടനാക്കുകയും ചെയ്‌തു. ചൈത്‌സിങ്ങിന്റെ രാജകുടുംബത്തിലെ ഒരു രാജകുമാരനെ പുതിയ ഭരണാധികാരിയായി നിയമിച്ച്‌ കമ്പനിയുടെ ഒരു പാവഭരണകൂടമായി കാശിയെ നിലനിര്‍ത്തി. വളരെത്താമസിയാതെ കാശി ബ്രിട്ടീഷിന്ത്യയില്‍ ലയിച്ചു. അതിനുശേഷമുണ്ടായ പ്രധാനസംഭവം 1857ലെ വിപ്ലവത്തോടനുബന്ധിച്ചിട്ടുള്ളതാണ്‌. വാരാണസിയിലുണ്ടായിരുന്ന ബ്രിട്ടീഷിന്ത്യന്‍ സൈന്യം കലാപത്തിന്റെ കൊടിയുയര്‍ത്തിയെങ്കിലും അടിച്ചമര്‍ത്തപ്പെട്ടു. 1949ലാണ്‌ കാശി ഉത്തര്‍പ്രദേശില്‍ ലയിച്ചത്‌.

മതപരമായ പ്രധാന്യം. അതിപുരാതനകാലം മുതല്‌ക്കുതന്നെ കാശിയെ ഒരു പുണ്യസ്ഥലമായി കരുതിവരുന്നു. ഹിന്ദുമതവിശ്വാസികളായ തീര്‍ഥാടകര്‍ക്ക്‌ കാശിയോളം പരിപാവനവും ആകര്‍ഷകവുമായ സ്ഥലം ഭൂമിയില്‍ വേറെയില്ല. ഒരു കാലത്ത്‌ കാശി ജൈനമതത്തിന്റെയും ശക്തികേന്ദ്രമായിരുന്നു; ഗംഗാനദീതീരത്തുള്ള ജൈനദേവാലയങ്ങള്‍ ഇതിന്റെ നിദര്‍ശനങ്ങളാണ്‌.

പല രാജാക്കന്മാരും വിവിധ കാലഘട്ടങ്ങളില്‍ കാശിയില്‍ ബുദ്ധമതവും ജൈനമതവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ കാശി എക്കാലവും ബ്രാഹ്മണരുടെ മേധാവിത്വത്തില്‍ത്തന്നെയായിരുന്നു. 18-ാം ശതകത്തില്‍ മുസ്‌ലിം ഭരണത്തില്‍നിന്നു മോചനം നേടിയതോടുകൂടി ധാരാളം ഹിന്ദുമതക്ഷേത്രങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷ്‌ ഭരണകാലവും ഹിന്ദുമതത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അനുകൂലമായിരുന്നു. വളരെ പഴക്കംചെന്നതും പുതിയവയുമായി കാശിയില്‍ ഇപ്പോള്‍ 2,000-ത്തിലധികം ഹൈന്ദവക്ഷേത്രങ്ങള്‍ ഉണ്ട്‌. കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവയില്‍ ഏറ്റവും വിശ്രുതമായിട്ടുള്ളത്‌. ശിവലിംഗമാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. പൗരാണിക ഭാരതത്തിലെ ഹിന്ദുമത സംസ്‌കാരത്തിന്റെ പ്രതീകമായിട്ടാണ്‌ കാശിവിശ്വേശരന്റെ "ശിവലിംഗം' കരുതപ്പെടുന്നത്‌. ഹിന്ദുക്കള്‍ ദിവ്യങ്ങളെന്ന്‌ വിശ്വസിച്ചുവരുന്ന പന്ത്രണ്ടു ശിവലിംഗങ്ങളില്‍ ഒന്നാണിത്‌. ബ്രഹ്മാവുതന്നെ കാശിയില്‍ വന്നു ശിവലിംഗം പ്രതിഷ്‌ഠിച്ചുവെന്ന്‌ ഹാലാസ്യമാഹാത്‌മ്യത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.

വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ശിവനാണ്‌ ഇവിടത്തെ മറ്റു ഹിന്ദുമതക്ഷേത്രങ്ങളിലെ പ്രധാന ആരാധാനാമൂര്‍ത്തി; മറ്റുള്ള നിരവധി പ്രതിഷ്‌ഠകളും ശിവന്റെ അനുയായികളായി പരിഗണിക്കപ്പെടുന്നു:

""വിശ്വേശം മാധവം ഢുംഢിം
ദണ്‌ഡപാണിം ച ഭൈരവം
വന്ദേ കാശീം ഗുഹാം ഗംഗാം
ഭവാനീം മണികര്‍ണികാം''
 

എന്ന പ്രാര്‍ഥനാശ്ലോകം കാശിയിലെ പ്രധാന ദേവീദേവന്മാരെ പരാമര്‍ശിക്കുന്നു. ഢുംഢി ഗണപതിയും കാലഭൈരവനും വിശ്വനാഥനെപ്പോലെ പ്രസിദ്ധിയാര്‍ജിച്ച ദേവന്മാരാണ്‌. ബിന്ദുമാധവക്ഷേത്രവും അന്നപൂര്‍ണാ ദേവാലയവും ഭക്തന്മാരുടെ ആരാധനാകേന്ദ്രങ്ങളാണ്‌. മഹാവിഷ്‌ണുവിന്റെ അഞ്ചാമത്തെ അവതാരം കാശിയിലാണെന്ന്‌ ഒരു വിശ്വാസമുണ്ട്‌. കാശിയില്‍ നടത്തിവരുന്ന നിരവധി മതാഘോഷങ്ങളില്‍ ഒന്ന്‌ ഇതിനെ അനുസ്‌മരിക്കുന്നതാണ്‌.

ഗംഗാനദിയില്‍ നിര്‍മിച്ചിട്ടുള്ള നിരവധി (ഏകദേശം 40) സ്‌നാനഘട്ടങ്ങളാണ്‌ കാശീതീര്‍ഥാടകരുടെ മറ്റൊരു ആകര്‍ഷണകേന്ദ്രം. അസിസംഗം, മണികര്‍ണിക, പഞ്ചഗംഗ, വരണാസംഗം, ദശാശ്വമേധം എന്നിവ സ്‌നാനഘട്ടങ്ങളില്‍ പ്രമുഖങ്ങളാണ്‌. കാശീതീര്‍ഥാടകരെല്ലാം ഈ സ്‌നാനഘട്ടങ്ങള്‍ സന്ദര്‍ശിക്കുക പതിവാണ്‌.

കാശിയുടെ ജനസംഖ്യയില്‍ ഏകദേശം നാലില്‍ ഒന്ന്‌ മുസ്‌ലിങ്ങളാണ്‌. ഇവിടത്തെ മുസ്‌ലിംദേവാലയങ്ങള്‍ കാശിയുടെ മഹത്വത്തിനും പ്രാധാന്യത്തിനും കാരണമായിട്ടുണ്ട്‌.

കാശിയില്‍ പ്രത്യേകമായ പാര്‍പ്പിടമന്ദിരം സൂക്ഷിക്കുന്നത്‌ അഭികാമ്യമായി ഒരു കാലത്ത്‌ ഇന്ത്യയിലെ രാജാക്കന്മാര്‍ കരുതിയിരുന്നു. ജില്ലയിലെ പ്രധാന ഉത്‌പന്നങ്ങളായ പഞ്ചസാര, നീലം, വെടിയുപ്പ്‌ മുതലായവയുടെ പ്രധാന കമ്പോളം കാശിയാണ്‌. ഗോരഖ്‌പൂരിലെയും ബസ്‌തിയിലെയും ഉത്‌പന്നങ്ങള്‍, ജാല്‍പൂരിലെ അസംസ്‌കൃത സാധനങ്ങള്‍ എന്നിവയെല്ലാം കാശിയിലെത്തുന്നു. ഇവിടെത്തെ പ്രധാനപ്പെട്ട ഉത്‌പന്നങ്ങള്‍ സില്‍ക്ക്‌ ഷാള്‍, സ്വര്‍ണനൂലുകളാല്‍ മോടിപിടിപ്പിച്ച വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, പിച്ചളപ്പാത്രങ്ങള്‍, മരത്തിലുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയാണ്‌.

അതിപുരാതനകാലം മുതല്‌ക്കേ കാശി ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിലും പ്രശസ്‌തി നേടിയിരുന്നു. ഹിന്ദുമത പഠനത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന കാശി ഒരു കാലത്ത്‌ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ഉറവിടവും പഠനകേന്ദ്രവും കൂടിയായിരുന്നു. മാന്‍മന്ദിര്‍ഘട്ടില്‍ രാജാജയ്‌സിങ്ങിന്റെ വാനനിരീക്ഷണശാല വാനനിരീക്ഷണരംഗത്തുള്ള ഒരു പ്രധാന സ്ഥാപനമാണ്‌. 1916-ല്‍ സ്ഥാപിതമായ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി, 1921-ല്‍ സ്ഥാപിതമായ സമ്പൂര്‍ണാനന്ദ സംസ്‌കൃത യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി കാശി വിദ്യാപീഠ്‌, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹയര്‍ തിബത്തന്‍ സ്റ്റഡീസ്‌ (IHTS), ഉദയ്‌ പ്രതാപ്‌ കോളജ്‌ തുടങ്ങിയവയാണ്‌ കാശിയിലെ മറ്റു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ഗംഗാതീരത്തുള്ള സ്‌നാനഘട്ടങ്ങള്‍, ഹിന്ദു-മുഗള്‍ വാസ്‌തു സമ്പ്രദായങ്ങള്‍ സമന്വയിപ്പിച്ച്‌ പണികഴിപ്പിക്കപ്പെട്ട ആലംഗിര്‍ മോസ്‌ക്‌, ദുര്‍ഗാ-വിശ്വനാഥ-സങ്കടമോചന്‍-തുളസീമാനസ്‌-ഭരത്‌ മാത ക്ഷേത്രങ്ങള്‍, പുരാവസ്‌തു മ്യൂസിയം, സാര്‍നാഥ്‌, ഭരത്‌ കലാഭവന്‍, ബുദ്ധസ്‌തൂപങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ വിനോദസഞ്ചാര തീര്‍ഥാടന പ്രധാന്യമുണ്ട്‌.

(വി. കാര്‍ത്തികേയന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍